
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള റവാഡ ചന്ദ്രശേഖറിന്റെ നിയമനം സി.പി.എമ്മിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കൂത്തുപറമ്പ് വെടിവയ്പ്പുമായി ബന്ധപ്പെട്ട റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തിൽ സി.പി.എം. സംസ്ഥാന സമിതി നേതാവ് പി. ജയരാജൻ സ്വീകരിച്ച നിലപാടും തുടർന്നുണ്ടായ സൈബർ വാഴ്ത്തുപാട്ടുകളുമാണ് പാർട്ടിക്കുള്ളിൽ പുകയുന്ന പ്രധാന വിഷയം.
റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ന്യായീകരിച്ച് സി.പി.എം. നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഈ ഏകീകൃത നിലപാടിൽ നിന്ന് വ്യത്യസ്തമായി നിന്ന ഏക നേതാവ് പി. ജയരാജനാണ്. പിന്നീട് അദ്ദേഹം തന്റെ പ്രസ്താവനകൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞ് നിലപാട് മയപ്പെടുത്തിയെങ്കിലും, അണികൾ അദ്ദേഹത്തിന്റെ പ്രാരംഭ നിലപാടിനെ ഏറ്റെടുക്കുകയും "ഒരേയൊരു പി.ജെ." എന്ന മുദ്രാവാക്യം സൈബറിടങ്ങളിൽ ട്രെൻഡിംഗാക്കുകയും ചെയ്തു. ഇത് പാർട്ടിയുടെ ഔദ്യോഗിക നിലപാടിനും നേതൃത്വത്തിനും എതിരായിരുന്നു എന്നതാണ് ശ്രദ്ധേയം.
എം.വി.ആർ. മുതൽ റവാഡ വരെ: പാർട്ടിയുടെ നിലപാടുകൾ
കൂത്തുപറമ്പ് വെടിവെയ്പ്പ് സംഭവത്തിലെ രക്തസാക്ഷികളെ സി.പി.എം. മറന്നോ എന്ന ചോദ്യം ഈ സാഹചര്യത്തിൽ ശക്തമാണ്. മുൻപ് എം.വി. രാഘവനെയും പിന്നീട് അദ്ദേഹത്തിന്റെ മകൻ നികേഷ് കുമാറിനെയും സ്വീകരിച്ച സി.പി.എം., ഇപ്പോൾ വെടിവെയ്പ്പിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ റവാഡ ചന്ദ്രശേഖറിനെ പോലീസ് തലപ്പത്തേക്ക് കൊണ്ടുവന്നതാണ് ഈ ചർച്ചകൾക്ക് പ്രധാന കാരണം. 1994-ലെ കൂത്തുപറമ്പ് വെടിവെയ്പ്പ് നടക്കുമ്പോൾ റവാഡ ചന്ദ്രശേഖറായിരുന്നു എ.എസ്.പി. വെടിവെയ്പ്പിന് ശേഷം നായനാർ സർക്കാർ റവാഡയ്ക്കെതിരെ കേസെടുത്തിരുന്നെങ്കിലും 2012-ൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
ഓർമ്മയിൽ പുഷ്പനും കൂത്തുപറമ്പും
"പുഷ്പനെ അറിയാമോ..." എന്ന വിപ്ലവ ഗാനം സൈബർ ഇടങ്ങളിൽ വീണ്ടുമുയരുന്നത് പാർട്ടിയെ വിമർശിക്കാനാണ്. സി.പി.എം. നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ റവാഡ പോലീസ് മേധാവിയായി ചുമതലയേറ്റിരിക്കുന്നത് പാർട്ടിയെ സ്നേഹിക്കുന്നവർക്ക് വേദനയുണ്ടാക്കുന്നു. ഈ വേദന തുറന്നു പറഞ്ഞതാണ് പി. ജയരാജന് കിട്ടിയ പിന്തുണയ്ക്ക് കാരണം. ഇതോടെ ഒരിക്കൽ കൂടി കൂത്തുപറമ്പ് വെടിവെയ്പ്പും പുഷ്പനുമെല്ലാം രാഷ്ട്രീയ കേരളത്തിൽ സജീവ ചർച്ചയായി.
പാർട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും റവാഡയ്ക്ക് ഒപ്പം നിലയുറപ്പിച്ചതോടെ പി. ജയരാജൻ നിലപാട് മയപ്പെടുത്തുകയും, താനും സർക്കാർ തീരുമാനത്തിനൊപ്പമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.











